01:02am 23 October 2026
NEWS
സന്തോഷ് ട്രോഫി ഫുട്ബോൾ കേരള ടീമിനെ ജി.സഞ്ജു നയിക്കും.കിരീടം തിരിച്ചു പിടിക്കുക ലക്ഷ്യം ഷഫീഖ് ഹസൻ
15/01/2026  05:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സന്തോഷ് ട്രോഫി ഫുട്ബോൾ കേരള ടീമിനെ ജി.സഞ്ജു നയിക്കും

കൊച്ചി: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ 79ാം പതിപ്പിൽ കേരള ടീമിനെ ജി. സഞ്ജു നയിക്കും. എറണാകുളം സ്വദേശിയായ പ്രതിരോധ താരത്തിന്റെ തുടർച്ചയായ അഞ്ചാം സന്തോഷ് ട്രോഫിയാണിത്. കഴിഞ്ഞവർഷത്തെ കേരള ടീമിന്റെ നായകനായിരുന്നു കേരള പൊലീസ് താരമായ സഞ്ജു. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സിയുടെ പ്രതിരോധ മുഖമായിരുന്നു. 22 അംഗ ടീമിൽ 9 പേർ പുതുമുഖങ്ങളാണ്. നിലവിലെ റണ്ണർഅപ്പായ ടീമിലെ  താരങ്ങൾക്കൊപ്പം എസ്.എൽ.കെയിലെ മികച്ച പ്രകടനം നടത്തിയ താരങ്ങളും ടീമിലുണ്ട്.  പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ ടീമിനെ പ്രഖ്യാപിച്ചു.

ദേശീയ ഗെയിംസിൽ കേരളത്തിന് സ്വർണം സമ്മാനിച്ച വയനാട് സ്വദേശി എം. ഷഫീഖ് ഹസനാണ് മുഖ്യ പരിശീലകൻ. മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസാണ് സഹപരിശീലകൻ. മുൻ ഇന്ത്യൻ താരം കെ.ടി ചാക്കോ ഗോൾകീപ്പർ കോച്ച്, ഫിസിയോ അഹമ്മദ് നിഹാൽ റഷീദ്, വീഡിയോ അനലിസ്റ്റ് കിരൺ നാരായണൻ എന്നിവരാണ് മറ്റ് ഒഫീഷ്യൽസ്. ചടങ്ങിൽ ടീമിന്റെ പുതിയ ജഴ്സിയും തീം സോംഗും പുറത്തിറക്കി. ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ആണ് ടീമിൻ്റെ ടൈറ്റിൽ സ്പോൺസർ.  ചടങ്ങിൽ ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. കെ.പി. ഖാലിദ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഇസ്മയിൽ ഖാലിദ്, ഇബ്രാഹിം ഖാലിദ്, കേരള ഫുട്ബാൾ അസോസിയേഷൻ ഹോണററി പ്രസിഡന്റ് ടോം ജോസ്, ട്രഷറർ റെജിനാൾഡ് വർഗീസ്, ജനറൽ സെക്രട്ടറി ഷാജി സി. കുര്യൻ, സ്കോർ ലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഫിറോസ് മീരാൻ എന്നിവർ സംസാരിച്ചു.

കേരള ടീം: ഗോൾകീപ്പർമാർ: ടി.വി. അൽകേഷ് രാജ് (സെൻട്രൽ എക്സൈസ്- തൃശൂർ), എസ്.ഹജ്മൽ (കെ.എസ്.ഇ.ബി- പാലക്കാട്), എം. മുഹമ്മദ് ജസീൻ (മലപ്പുറം എഫ്.സി- മലപ്പുറം). പ്രതിരോധനിര: ജി. സഞ്ജു (കേരള പൊലീസ്- എറണാകുളം), എം. മനോജ് (കാലിക്കറ്റ് എഫ്.സി- തിരുവനന്തപുരം), അജയ് അലക്സ് (സെൻട്രൽ എക്സൈസ്- എറണാകുളം), ബിബിൻ അജയൻ (തൃശൂർ മാജിക് എഫ്.സി- എറണാകുളം), എസ്. സന്ദീപ് (കണ്ണൂർ വാരിയേഴ്സ്- മലപ്പുറം), അബ്ദുൾ ബാദിഷ് (തിരുവനന്തപുരം കൊമ്പൻസ്- മലപ്പുറം), തേജസ് കൃഷ്ണ (തൃശൂർ മാജിക് എഫ്.സി- പാലക്കാട്). മധ്യനിര: എം.എം. അർജുൻ (കണ്ണൂർ വാരിയേഴ്സ് എഫ്.സി- തൃശൂർ), വി. അർജുൻ (കെ.എസ്.ഇ.ബി- കോഴിക്കോട്), ഒ.എം. ആസിഫ് (കണ്ണൂർ വാരിയേഴ്സ്- എറണാകുളം), എം. വിഘ്നേഷ് (കെ.എസ്.ഇ.ബി- തിരുവനന്തപുരം), എൻ.എ. അബൂബക്കർ ദിൽഷാദ് (റിയൽ മലബാർ എഫ്.സി- കാസർകോട്). മുന്നേറ്റനിര: ടി. ഷിജിൻ (കണ്ണൂർ വാരിയേഴ്സ്- തിരുവനന്തപുരം), മുഹമ്മദ് അജ്സൽ (കേരള ബ്ലാസ്റ്റേഴ്സ്- കോഴിക്കോട്), ഇ. സജീഷ് (കേരള പൊലീസ്- പാലക്കാട്), പി.ടി. മുഹമ്മദ് റിയാസ് (കാലിക്കറ്റ് എഫ്.സി- പാലക്കാട്), എം.പി. മുഹമ്മദ് സിനാൻ (കണ്ണൂർ വാരിയേഴ്സ്- പാലക്കാട്), ഇ. മുഹമ്മദ് ആഷിഖ് (കാലിക്കറ്റ് എഫ്.സി- മലപ്പുറം), എൻ.എ. മുഹമ്മദ് അഷർ (തിരുവനന്തപുരം കൊമ്പൻസ്- തൃശൂർ).

ഏഴ് തവണ ചാമ്പ്യന്മാരായ കേരളം കഴിഞ്ഞ തവണ ഒരു ഗോളിന് നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനാണ് ഇത്തവണ അസമിലേക്ക് പുറപ്പെടുന്നത്. 21നാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന്റെ കിക്കോഫ്. 22ന് മുൻ ചാമ്പ്യന്മാരായ പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. അസമിലെ സിലാപത്തർ, ധകുഖാന സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. ടീം 19ന് കൊച്ചിയിൽനിന്ന് പുറപ്പെടും.

കിരീടം തിരിച്ചു പിടിക്കുക ലക്ഷ്യം: ഷഫീഖ് ഹസൻ

കൊച്ചി: പോയ വർഷം കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കുമെന്നും, ആ ലക്ഷ്യം മുൻനിറുത്തിയായിരുന്നു പരിശീലനമെന്നും സന്തോഷ് ട്രോഫി കേരള ടീമിൻ്റെ മുഖ്യ പരിശീലകൻ എം. ഷഫീഖ് ഹസൻ പറഞ്ഞു. അസമിൽ താപനില 15 ഡിഗ്രിയിലും താഴെയാണ്. ഇതിനോട് ചേർന്നുപോകാൻ വയനാട്ടിലടക്കം ക്യാമ്പ് സംഘടിപ്പിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മൂവാറ്റുപുഴയിലേതടക്കം കേരളത്തിലെ ഫുട്ബാൾ സ്റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ കെ.എഫ്.എയുടെ സഹായത്തോടെ ഇവയെല്ലാം മികച്ച സ്റ്റേഡിയങ്ങളാക്കി ഉയർത്താനാകുമെന്ന് ടീം പ്രഖ്യാപന ചടങ്ങിൽ സംസാരിച്ച കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു. സ്പോൺസർഷിപ്പ് എന്നത് വെറും പണം മുടക്കുക എന്നതല്ല, കേരള ഫുട്ബാളിന് നൽകുന്ന ധാർമിക പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പകാലത്ത് കാൽപന്തുകളിക്കായി കമന്ററി പറഞ്ഞിരുന്നതായും കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന സന്തോഷ് ട്രോഫി ടീമിനെ സ്പോൺസർ ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ടൈറ്റിൽ സ്പോൺസറായ ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. കെ.പി. ഖാലിദ് പറഞ്ഞു. മൂന്നര കോടി ജനങ്ങളുടെ പ്രാർത്ഥനയും പിന്തുണയും കേരള ടീമിനുണ്ട്. അസമിൽ കിരീടം ഉയർത്തുമെന്ന തികഞ്ഞ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img